സച്ചിന്‍: ഉടയ്ക്കപ്പെടേണ്ട വിഗ്രഹം


അല്പകാലം മുന്‍പ് ഫേസ്ബുക്കില്‍ പ്രചരിച്ചിരുന്ന ഐശ്വര്യാറായിയുടേയും സച്ചിന്റേയും ഒരു ഫോട്ടോ ഉണ്ടായിരുന്നു. അതിലെ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു."ഐശ്വര്യ പ്രസവിച്ചു, ഇനി സച്ചിന്‍ ഒരു സെഞ്ച്വറി കൂടി അടിച്ചാല്‍ ഇന്ത്യയുടെ എല്ലാ പ്രശ്നവും തീരും". ഇത്രയും കാലമായിട്ടും സച്ചിന്‍ സെഞ്ച്വറി അടിച്ചിട്ടുമില്ല, ഇന്ത്യയുടെ പ്രശ്നം തീര്‍ന്നിട്ടുമില്ല. ഇങ്ങനെ പറയാന്‍ കാരണം, ഇന്ത്യ കളിക്കാനിറങ്ങുന്ന ദിവസത്തെ പത്രങ്ങളും ചാനലുകളും ചര്‍ച്ച ചെയ്യുന്നത് സച്ചിന്റെ സെഞ്ച്വറിയെക്കുറിച്ചാണ്. എന്തുകൊണ്ട് സച്ചിന്റെ നൂറാം സെഞ്ച്വറി ഇത്രമാത്രം ചര്‍ച്ച ചെയ്യപ്പെടുന്നു? ഒരുവര്‍ഷത്തോളമായി ഈ ചര്‍ച്ചകള്‍ തുടങ്ങിയിട്ട്. എന്നാല്‍ ഫോം നഷ്ടപ്പെട്ടിട്ടും നിരന്തരമായി അനാവശ്യഷോട്ടുകളിലൂടെയും അശ്രദ്ധയിലൂടെയും പുറത്തായിക്കൊണ്ടിരിക്കുന്ന സച്ചിനെ വിമര്‍ശിക്കാന്‍ ചുരുക്കം ചില മുതിര്‍ന്ന കളിക്കാരല്ലാതെ ആരും തയ്യാറാവുന്നുമില്ല. ചോദ്യം ചെയ്യപ്പെടാത്ത തന്റേത് മാത്രമായ ഒരു കോയ്മ സ്വന്തം പ്രകടനങ്ങള്‍ കൊണ്ട് ഇന്ത്യന്‍ ക്രിക്കറ്റില്‍ ഉണ്ടാക്കിയെടുത്ത ഈ പ്രതിഭ പിന്നെന്തുകൊണ്ട് സ്വയം പിന്മാറാന്‍ തയ്യാറാവുന്നില്ല എന്നതും നാം ചിന്തിക്കേണ്ടിയിരിക്കുന്ന ഒരു വസ്തുത തന്നെയാണ്.

ഏഷ്യാകപ്പിലെ ഇക്കഴിഞ്ഞ ശ്രീലങ്കയ്ക്കെതിരായ മത്സരത്തില്‍ പുറത്തായ സച്ചിന്‍ ആദ്യമായിട്ടാണെന്ന് തോന്നുന്നു തന്റെ പുറത്താകലിനെപ്പാറ്റി അമ്പയറോട് സംശയം പ്രകടിപ്പിച്ചത്. അമ്പയര്‍ ഔട്ട് വിധിക്കാത്ത സന്ദര്‍ഭങ്ങളില്‍ പോലും സ്വയം പുറത്തുപോവാന്‍ തയ്യാറായിട്ടുള്ള ഒരു കളിക്കാരനാണ് സച്ചിന്‍ എന്നത് ഓര്‍ക്കേണ്ടതാണ്. അപ്പോള്‍ എന്തുകൊണ്ട് ഇപ്പോള്‍ സച്ചിന്‍ ഇത്തരത്തില്‍ പെരുമാറുന്നു? വെറുമൊരു സെഞ്ച്വറി തന്നെയാണ് സച്ചിന്‍ ഇപ്പോള്‍ ലക്ഷ്യം വയ്ക്കുന്നത്. അതദ്ദേഹത്തിന്റെ പ്രകടനങ്ങളില്‍ നിന്ന് തന്നെ വ്യക്തം. അമിതമായ ടെന്‍ഷനും അശ്രദ്ധയും അദ്ദേഹത്തിന്റേതായ ശൈലിയില്‍ കളിക്കുന്നതില്‍ നിന്ന് സച്ചിനെ പുറകോട്ട് വലിക്കുന്നുണ്ട്. എന്നാല്‍ ഇതിനെ മറികടക്കുക എന്നത് പ്രായത്തേയും ഈ സന്ദര്‍ഭത്തേയും പരിഗണിക്കുമ്പോള്‍ ഒരല്പം ദുസ്സഹമായ ഒരു കാര്യം തന്നെയാണ്.

സ്വരം നന്നാവുമ്പോള്‍ പാട്ട് നിര്‍ത്തുന്നതാണ് നല്ലത്. ഇല്ലെങ്കില്‍ പിന്നെ നാണം കെട്ട് പടിയിറങ്ങേണ്ടി വരും എന്നത് ചരിത്രം. അതനുഭവിച്ച ഒരുപാട് താരങ്ങള്‍ ഇന്നും ഇവിടെയുണ്ട് താനും. സച്ചിന്റെ കാര്യത്തില്‍ ഇത് തന്നെയാണ് അദ്ദേഹത്തിന് ഏറ്റവും പറ്റിയ സമയവും. ദ്രാവിഡ് എന്ന ഇന്ത്യയുടെ വിശ്വസ്തന്‍ കളമൊഴിഞ്ഞത് നമ്മള്‍ ഇപ്പോള്‍ കണ്ടു. എന്തുകൊണ്ടദ്ദേഹം സ്വയം പിന്മാറി എന്നാലോചിച്ചിട്ടുണ്ടോ? അടുത്ത് കളിച്ച കളികളെ മൊത്തമെടുത്ത് പരിശോധിച്ചാല്‍ അത്രം മോശം റെക്കോഡുകളൊന്നുമല്ല അദ്ദേഹത്തിന്റേത്. എന്നാല്‍ നിരന്തരമായി ക്ലീന്‍ബൗള്‍ഡായി പുറത്തായിക്കൊണ്ടിരുന്ന ദ്രാവിഡ് തന്റെ ടൈമിങ്ങ് നഷ്ടപ്പെടലിനെക്കുറിച്ച് പൂര്‍ണ്ണബോധ്യവാനായിരുന്നു. അതുകൊണ്ട് തന്നെയാണ് അദ്ദേഹം ഈ സമയത്ത് തന്നെ വിരമിച്ചതും.


എന്നാല്‍ ഫോം നഷ്ടപ്പെടലിനെപ്പറ്റിയും നൂറാം സെഞ്ച്വറിയെക്കുറിച്ചും വിമര്‍ശനമുന്നയിച്ചാള്‍ ചാടിക്കടിക്കാന്‍ വരുന്ന കോടികളോളം വരുന്ന ആരാധനകൊണ്ട് അന്ധരായ സച്ചിന്‍ പ്രേമികള്‍ ഇതൊന്നും അംഗീകരിക്കാന്‍ തയ്യാറല്ല എന്നതാണ് നിരാശാജനകമായ ഒരു വസ്തുത. റെയില്‍ വേ സ്റ്റേഷനില്‍ ലേറ്റായ വണ്ടി കാത്ത് കിടക്കുന്ന പോലെ എപ്പോഴെത്തുമെന്നറിയാത്ത ഒരു സെഞ്ച്വറിയും കാത്ത് ഒരു വര്‍ഷം കിടന്നിട്ടും അവരാലോചിക്കാത്ത ചില കാര്യങ്ങളുണ്ട്. ഇക്കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ സച്ചിന്‍ മികച്ച പ്രകടനം നടത്തിയിട്ടുള്ളത് നാലോ അഞ്ചോ കളികളിലാണ്. സച്ചിന് ഇത്രയേറെ അവസരം നല്‍കുന്നതിലൂടെ രോഹിത് ശര്‍മ്മയെപ്പോലുള്ള പല പ്രതിഭാധനരായ യുവതാരങ്ങള്‍കും അവസരം നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്നു. എന്നാല്‍ എല്ലാ വിമര്‍ശനങ്ങളെയും പുച്ഛിച്ച് തള്ളി ഈ ആരാധകര്‍ പറയുന്ന ഒരു കാര്യമുണ്ട്. എന്നും സച്ചിന്‍ ബാറ്റുകൊണ്ടേ വിമര്‍ശനങ്ങള്‍ക്ക് മറുപടി കൊടുത്തിട്ടുള്ളു.. ഇതും അങ്ങനെ തന്നെ സംഭവിക്കും. ഇങ്ങനെ പറയുന്നവരോട് ഒരു കാര്യം ചോദിക്കട്ടെ. ഫോം നഷ്റ്റപ്പെട്ടിട്ടും ഇത്രയേറെ അവസരങ്ങള്‍ ലഭിച്ചിട്ടുള്ള വേറെ ഏത് കളിക്കാരനാണ് ലോകത്തുള്ളത്. ഇതുപോലെ അനവധി അവസരങ്ങള്‍ ലഭിച്ചാല്‍ ഏത് കളിക്കാരനും എപ്പോഴെങ്കിലും മികച്ച കളി പുരത്തെടുക്കാനാവില്ലെ. അതുകൊണ്ട് തന്നെ ആ അവകാശവാദത്തിന് എന്ത് പ്രസക്തിയാണുള്ളത്. നേരെ മറിച്ച് ഫോം നഷ്ടപ്പെട്ട് ടീമിന് പുറത്ത് പോവുന്ന ഒരു കളിക്കാരന്‍ ആഭ്യന്തരക്രിക്കറ്റില്‍ തന്റെ പ്രകടനം മെച്ചപ്പെടുത്തി വീണ്ടും തിരിച്ചുവരികയാണെങ്കില്‍ അത് സമ്മതിക്കാം. ഇതിനെ അങ്ങനെ കാണാന്‍ കഴിയുമോ, അതിന് സച്ചിന്‍ തയാറാവുമോ?

സച്ചിനെ പുറത്താക്കാനുള്ള ധൈര്യം ഇന്ത്യന്‍ സെലക്ടര്‍മാര്‍ക്കില്ല എന്ന വസീം അക്രത്തിന്റെ പ്രസ്താവന അങ്ങേയറ്റം ശരിയാണ്. എന്ന് കരുതി ആ ഒരനുകൂല സാഹചര്യം സച്ചിന്‍ മുതലെടുക്കുന്നതല്ലേ ഇവിടെ കാണുന്നത്. ഒരു സ്വകാര്യചാനല്‍ നടത്തിയ സര്‍വ്വേയില്‍ ഇന്ത്യന്‍ ടീമിലെ മോശം ഫീല്‍ഡര്‍മാരായി ഇന്ത്യയിലെ ക്രിക്കറ്റ് പ്രേമികള്‍ തന്നെ കണ്ടെത്തിയ രണ്ട് പേര്‍ ഒന്ന് സച്ചിനും മറ്റൊന്ന് സെവാഗുമായിരുന്നു. കളിയില്‍ പ്രായത്തിന്റെ പ്രതികൂലാവസ്ഥ എന്താണെന്ന് ആ ഫീല്‍ഡിങ്ങില്‍ നിന്ന് ഏതൊരാള്‍ക്കും മനസ്സിലാക്കിയെടുക്കാം. എന്നാല്‍ അതൊന്നും അംഗീകരിക്കാനോ അതിനെപ്പറ്റി പ്രതികരിക്കാനോ ആരും തയ്യാറല്ലെന്ന് മാത്രം.

യഥാര്‍ത്ഥത്തില്‍ സച്ചിന്‍ എന്ന ക്രിക്കറ്റര്‍ ഇന്ത്യയില്‍ വിഗ്രഹവത്കരിക്കപ്പെടുകയാണ്. അവിടെയാണ് പ്രശ്നം നിലനില്‍ക്കുന്നത്. ഒരു സെഞ്ച്വറിക്ക് വേണ്ടിയാണ് അദ്ദേഹം ടീമില്‍ നില്‍ക്കുന്നത് എങ്കില്‍ ആ സെഞ്ച്വറി നേടുന്നതുവരെയുള്ള പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ അവസാനകാല കരിയറില്‍ ഇടമ്പിടിക്കുമെന്നത് കൂടി ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം നമ്മള്‍ ചിന്തിക്കേണ്ടത് അന്ധമായ സച്ചിന്‍ ആരാധനയില്‍ നിന്ന് പുറത്ത് കടന്ന് മാത്രമാണ്. അല്ലാത്ത പക്ഷം എല്ലാം വെറും ജല്പനങ്ങളോ മുരള്‍ച്ചകളോ മാത്രമായി ഒതുങ്ങിപ്പോവും.


എവിടെയാണ് നമുക്ക് പിഴയ്ക്കുന്നത്. സച്ചിന്‍ എന്ന ക്രിക്കറ്റര്‍ വിഗ്രഹവത്കരിക്കപ്പെടുന്നിടത്ത് തന്നെയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഒരു ഗെയിം എന്നത് ടീമിലെ മുഴുവന്‍ പേരുടേയും പ്രകടനത്തെ ആശ്രയിച്ചിട്ടുള്ളതാണ്. ബാറ്റിങ്ങായാലും,ബൗളിങ്ങായാലും,ഫീല്‍ഡിങ്ങായാലും. അവിടെ എവിടെയെങ്കിലും പിഴവ് വരികയാണ് എങ്കില്‍ അത് ആ ഗെയിമിനെ ദോഷകരമായിത്തന്നെയാണ് ബാധിക്കുക. ആത്മബോധമുള്ള ഒരു കളിക്കാരനും അത് നിഷേധിക്കാനുമാവില്ല. സച്ചിന്‍ ഒരു പ്രതിഭ തന്നെയാണെന്ന് ഞാനും സമ്മതിക്കുന്നുണ്ട്,ഞാനും അദ്ദേഹത്തെ ആരാധിക്കുന്നുണ്ട്. ബ്രാഡ്മാന്‍ എന്ന മഹാനായ ക്രിക്കറ്റര്‍ കളിക്കളം വിട്ടത് എങ്ങനെയുള്‍ല സന്ദര്‍ഭത്തിലായിരുന്നു എന്നുള്ളത് കൂടി നാം സച്ചിനൊപ്പം കൂട്ടിവായിക്കേണ്ടതുണ്ട്. അത് തന്നെയായിരിക്കണം സച്ചിനും ബ്രാഡ്മാനും തമ്മിലുള്ള വ്യത്യാസവും.

അടുത്ത ലോകകപ്പിലും സച്ചിന്‍ ഇന്ത്യന്‍ ജേഴ്സിയണിഞ്ഞ് ടീമിലുണ്ടാവും എന്ന് വിശ്വസിക്കുന്ന ഒരുപാട് സച്ചിന്‍ ആരാധകരുണ്ട് ഇവിടെ. ഉണ്ടാകില്ലെന്ന് തറപ്പിച്ചു പറയാനുമാവില്ല. കാരണം അതിനും കൂടിയുള്ള ഉത്തരമാണ് ഞാനെ നേരത്തെ സൂചിപ്പിച്ച വസീം അക്രത്തിന്റെ വാക്കുകള്‍. ഇതിനെപ്പറ്റി നടന്ന ഒരു ചാനല്‍ ചര്‍ച്ചയില്‍ ഒരു ഇന്ത്യന്‍ ആരാധകന്‍ പറഞ്ഞ വാക്ക് ഞാനിപ്പോള്‍ ഓര്‍ക്കുന്നു. "ബാറ്റിങ്ങിനെ മാത്രം കരുതി ഒരാളെ ടീമിലെടുക്കുന്നതില്‍ എന്ത് യുക്തിയാണുള്ളത്? ഇന്ന് ഫീല്‍ഡിലെ മോശം താരം ആരെന്ന് ചോദിച്ചാല്‍ സച്ചിന്‍ എന്ന മറുപടി കേട്ടാല്‍ ആരും ഞെട്ടേണ്ടതില്ല. സച്ചിനെ എന്തായലും പുറത്താക്കില്ല. അദ്ദേഹം സ്വയം പുറത്തുപോവുക മാത്രമേ സാധ്യമാവൂ. അതിനദ്ദേഹം തയ്യാറാവുന്നില്ല എങ്കില്‍ സച്ചിന്‍ എന്ന വിഗ്രഹം എറിഞ്ഞുടയ്ക്കപ്പെടും"

ഈ അടുത്ത് ഒരു ചാനലില്‍ നടന്ന ചര്‍ച്ചയില്‍ കോലിയെയും സച്ചിനെയും താരതമ്യപ്പെടുത്തി ഒരു സംസാരമുണ്ടായിരുന്നു. സച്ചിന് ശേഷം ആര് എന്ന വിഷയത്തെ അധികരിച്ചായിരുന്നു ആ ചര്‍ച്ച. അതില്‍ ആദ്യകാല റെക്കോഡുകള്‍ പരിശോധിച്ചപ്പോള്‍ സച്ചിനേക്കാള്‍ മികച്ച റേക്കോഡ് കോലിക്കാണ് എന്ന് പറഞ്ഞ അവതാരകനോട് ഒരാള്‍ പറഞ്ഞത് അതിനെ നമുക്കിവിടെ ഉയര്‍ത്തിക്കാട്ടാന്‍ സാധ്യമല്ല, അന്നത്തെക്കാലത്ത് പേസ് ബൗളിങ്ങിന്റെ മൂര്‍ദ്ധന്യതയെയായിരുന്നു സച്ചിന്‍ നേരിട്ടിരുന്നത്. ഇന്ന് ക്രിക്കറ്റ് ആകെ മാറി. പവര്‍ പ്ലേകളും മറ്റും കൊണ്ട് ഇന്നത് ബാറ്റ്സ്മാന്റെ കളിയായിരിക്കുന്നു എന്നാണ്. അത്തരക്കാരോട് തിരിച്ചും ഒരു ചോദ്യം ഉന്നയിക്കട്ടെ.. ബാറ്റ്സ്മാന്റെ കളിയായ ഇന്നത്തെ ക്രിക്കറ്റിലെ സച്ചിന്റെയും കോലിയുടെയും ഒരേ റെക്കോഡുകള്‍ പരിശോധിച്ചാല്‍ അതില്‍ സച്ചിന്‍ മുന്‍പന്തിയില്‍ വരുമൊ? ഏറ്റവും വേഗതയില്‍ പത്ത് സെഞ്ച്വറികള്‍ എന്ന റെക്കോഡ് ഗിബ്സില്‍ നിന്ന് തന്റേതാക്കി മാറ്റിയ കോലി എന്ന കളിക്കാരനെ അംഗീകരിക്കാനാവാതെ അയാളെ സച്ചിന്റെ എതിരാളിയായി കണ്ട് സംസാരിക്കുന്നവരെയാണ് ആ ചര്‍ച്ചയിലും, ആ ചര്‍ച്ചയെ സംബന്ധിച്ച് ഒരു പോസ്റ്റ് ഫേസ്ബുക്കിലിട്ടപ്പോഴും എനിക്ക് കാണാന്‍ കഴിഞ്ഞത്.

സച്ചിന് ഇന്ത്യയില്‍ ലഭിച്ചുകൊണ്ടിരിക്കുന്ന അതേ അംഗീകാരവും ആദരവും ആസ്ത്രേലിയയില്‍ ലഭിക്കേണ്ട ഒരു കളിക്കാരനാണ് പോണ്ടിങും. എന്നിട്ടും അദ്ദേഹത്തെ ടീമില്‍ നിന്ന് പുറത്താക്കിയത് നമ്മള്‍ കണ്ടു. പ്രൊഫഷണലിസമാണ് ഇന്ത്യന്‍ ക്രിക്കറ്റിന് വേണ്ടത് എന്നാണ് ഇത് നമ്മെ പഠിപ്പിക്കുന്നത്. ഒരു വലിയ പാര്‍മ്പര്യത്തെ പിന്‍പറ്റിക്കൊണ്ട് വന്ന പോണ്ടിങ്ങ് ഒരു ക്യാപ്റ്റനെന്ന നിലയിലും കളിക്കാരന്‍ എന്ന നിലയിലും മികച്ച പ്രകടനം നടത്തിയിട്ടുള്ള ഒരാള്‍ തന്നെയാണ്. സച്ചിന് തൊട്ട് പുറകിലായി അദ്ദേഹത്തിനും സ്ഥാനമുണ്ട്. നാനൂറ്റി അറുപത് കളികളില്‍ നിന്ന് പതിനെന്നായിരം സച്ചിന്‍ തികച്ചപ്പോള്‍ പോണ്ടിങ്ങ് പതിമൂവായിരം കടന്നത് മുന്നൂറ്റി എഴുപത് കളികളില്‍ നിന്നാണ്. അങ്ങനെ നോക്കുമ്പോഴും അവസരങ്ങള്‍ ധാരാളം ലഭിച്ചിരിക്കുന്നത് സച്ചിനാണ്. ഈ അവസരങ്ങള്‍ പോണ്ടിങ്ങിനും ലഭിച്ചിരുന്നെങ്കില്‍ ഒരുപക്ഷേ അദ്ദേഹവും സച്ചിനോളം വരുമായിരുന്നു.

സച്ചിന്‍ എന്ന മഹാനായ ക്രിക്കറ്ററോടുള്ള മുഴുവന്‍ ബഹുമാനവും പുലര്‍ത്തിക്കൊണ്ട് തന്നെയാണ് ഞാനിത്രയും പറഞ്ഞത്. യാഥാര്‍ത്ഥ്യങ്ങളെ അംഗീകരിക്കാന്‍ നാം തയ്യാറായേ മതിയാവൂ. സച്ചിന്‍ ഒരു മികച്ച കളിക്കാരന്‍ തന്നെയാണ്. പക്ഷേ ഇന്ന് നാം കാണുന്ന സച്ചിനെ അദ്ദേഹത്തിന്റെ മോശം കാലഘട്ടത്തില്‍ പോലും നാം കണ്ടിട്ടില്ല. ഉയര്‍ന്നുവരുന്ന ടെന്‍ഷനെ അതിജീവിക്കാനോ അതിനനുകൂലമായി നിന്നുകൊണ്ട് ദ്രാവിഡിനെപ്പോലെയുള്ളവര്‍ കളിക്കുന്നതു പോലെ കളിക്കാനോ സച്ചിനൊരിക്കലും കഴിഞ്ഞിട്ടില്ല, ഇനി കഴിയുകയുമില്ല. ഇപ്പോള്‍ സച്ചിന്‍ പുറത്തായിക്കൊണ്ടിരിക്കുന്ന ഷോട്ടുകളെല്ലാം ഒന്ന് ശ്രദ്ധിച്ചുനോക്കൂ....റണ്‍സെടുക്കാന്‍ പെടാപ്പാട് പെടുന്നത് ശ്രദ്ധിച്ചുനോക്കൂ...ഇതെല്ലാം കണ്ടിട്ടും സച്ചിനെ അനുകൂലിക്കുമ്പോള്‍, ഒന്നോ രണ്ടോ മാച്ചുകള്‍ മാത്രം ലഭിച്ച് മികച്ച കളി കളിക്കാനാവാതെ പോവുന്ന യുവതാരങ്ങളെ അടച്ചാക്ഷേപിക്കുന്ന ഒരുകൂട്ടം ആരാധകരാണ് ഇന്നിവിടെയുള്ളത്.


ഇപ്പോള്‍ ഞാനെന്നല്ല സച്ചിനോട് സത്യസന്ധമായ എന്നാല്‍ അന്ധമല്ലാത്ത ആരാധനയുള്ള ആരും പറയുന്ന കാര്യമാണ് ഞാനും ഇവിടെ പറഞ്ഞത്. യഥാര്‍ത്ഥത്തില്‍ സച്ചിന്‍ എന്ന ക്രിക്കറ്റര്‍ ഇന്ത്യയില്‍ വിഗ്രഹവത്കരിക്കപ്പെടുകയാണ്. അവിടെയാണ് പ്രശ്നം നിലനില്‍ക്കുന്നത്. ഒരു സെഞ്ച്വറിക്ക് വേണ്ടിയാണ് അദ്ദേഹം ടീമില്‍ നില്‍ക്കുന്നത് എങ്കില്‍ ആ സെഞ്ച്വറി നേടുന്നതുവരെയുള്ള പ്രകടനങ്ങള്‍ അദ്ദേഹത്തിന്റെ അവസാനകാല കരിയറില്‍ ഇടമ്പിടിക്കുമെന്നത് കൂടി ഓര്‍ക്കേണ്ടതാണ്. ഇതെല്ലാം നമ്മള്‍ ചിന്തിക്കേണ്ടത് അന്ധമായ സച്ചിന്‍ ആരാധനയില്‍ നിന്ന് പുറത്ത് കടന്ന് മാത്രമാണ്. അല്ലാത്ത പക്ഷം എല്ലാം വെറും ജല്പനങ്ങളോ മുരള്‍ച്ചകളോ മാത്രമായി ഒതുങ്ങിപ്പോവും.

3 വായന:

Steephen George said...

Well said!!

Anonymous said...

Absolutely correct...

KUNJOOSE said...

mahyamangal cheyythathu thanneyalle thankum cheeyyunnathu? sachin enna peru use cheyyithillenkil njanigottu varathe illarunnu..... bhasha kollam vere valla nalla karyavum ezhuthu .. hes in extream position // mind it ....

Post a Comment

© moonnaamidam.blogspot.com